rss
    സ്വാഗതം സുഹൃത്തേ..

2010/12/14

ആദ്യം ഒരു ക്ഷമാപണം


ഒരു ബ്ലോഗ്‌ തുടങ്ങണം എന്ന് വിചാരിക്കാന്‍ തുടങ്ങീട്ട് നാള് കുറച്ചായി. ഡിസൈനിംഗ് ഒക്കെ കഴിഞ്ഞപ്പോള്‍ ആണ് ചിന്തിക്കുന്നത്, എന്താ ഇപ്പം എഴുതുക? എന്തേലും കഠിനം ആയിട്ട് എഴുതിയാല്‍ എന്നെ പത്താം ക്ലാസ്സിലെ മലയാളം സാര്‍ എന്നോട് പൊറുക്കുമോ? "മലയാളം എന്ന് വെച്ചാല്‍ അല്പം ശ്ലോകങ്ങളും ധാരാളം ഗ്യാസും ഉപയോഗിച്ചാല്‍ ജയിക്കാവുന്ന സബ്ജെക്റ്റ് ആണെന്ന് ചില അവന്മാര്‍ക്ക് ഒരു വിചാരം ഉണ്ട് " എന്ന് ഓണപ്പരീക്ഷയുടെ പേപ്പര്‍ കാണിച്ചിട്ട് അദ്ദേഹം പറഞ്ഞത് ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. ഞാന്‍ എഴുതുന്ന ഗ്യാസ് എല്ലാം വായിക്കാനും മാര്‍ക്കിടാനും അദ്ദേഹം കാണിച്ച ക്ഷമ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് ഇല്ല എന്ന് എനിക്ക് നന്നായി അറിയാം. കത്തി വെക്കുന്നത് അറിഞ്ഞു കൊണ്ടല്ലല്ലോ സഹോദരാ.. മനപൂര്‍വം അല്ലെ? 

അല്ല, ഞാന്‍ ഒന്ന് ചോദിച്ചോട്ടെ? മലയാളം എഴുതണമെങ്കില്‍ നാനാജാതി വൃത്തങ്ങളും വ്യാകരണ കോലാഹലങ്ങളും വേണം എന്നുണ്ടോ? എഴുത്തുകാരന്‍ ആകണം എങ്കില്‍ കഴുകാത്ത ജുബ്ബയും തുണിസഞ്ചിയും സോഡാക്കുപ്പി കണ്ണടയും നിര്‍ബന്ധം ആണോ? അങ്ങനെയെങ്കില്‍ സുല്ല്. ഈ പാവപ്പെട്ടവനെ വെറുതെ വിട്ടേക്ക്. എഴുതിയെഴുതി ഒരു സാഹിത്യ വിസ്ഫോടനം സൃഷ്ടിക്കാന്‍ ഒന്നും തല്‍കാലം എനിക്ക് പ്ലാന്‍ ഇല്ല. ആരേലും വല്ലപ്പോഴും ഒരു കമന്റ്‌, അത്രേം മതി. നിക്ക് സന്തോഷായി.  

മലയാളത്തില്‍ എന്തേലും ഒക്കെ എഴുതാന്‍ ഞാന്‍ എന്നും ആഗ്രഹിച്ചിട്ടുണ്ട്. മനസ്സില്‍ സാഹിത്യം മുല്ലപ്പെരിയാര്‍ ഡാം പോലെ നിറഞ്ഞു നിന്നിട്ടൊന്നുമല്ല. തെക്കേ ഇന്ത്യയില്‍ ജീവിച്ചിരുന്ന, വിവരം ഇല്ലെങ്കിലും സാക്ഷരര്‍ എന്ന് അവകാശപെട്ടിരുന്ന, മല്ലുസ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കാടന്മാര്‍ ഉപയോഗിച്ചിരുന്ന ഭാഷ ആയിരുന്നു 'മലയാളം' എന്ന് നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ പറയാന്‍ ഇടവരുത്തരുത്. അത്രേ ഉള്ളൂ. മലയാളം നമ്മുടെ ഭാഷ ആണ്. നാം അതിനെ മറന്നാല്‍ പിന്നെ ആരാണ്? 

ബ്ലോഗ്‌ എഴുതുക എന്ന് വെച്ചാല്‍ വളരെ എളുപ്പം ആണ്. എന്നെ പോലെ ഇത് അണ്ടനും അടകോടനും ചെയ്യാം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? മലയാളത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ പോകുന്ന എല്ലാ അഭിനവ ബ്ലോഗ്ഗന്മാര്‍ക്കും സ്വാഗതം. ബാക്കി കത്തിയുമായി അടുത്ത പോസ്റ്റില്‍ സന്ധിക്കാം. 

നന്ദി. 

വാല്‍കഷണം: ഈ പോസ്റ്റിനു ഒരു കമന്റ്‌ എഴുതാന്‍ ആര്‍ക്കെങ്കിലും തോനുന്നുവെങ്കില്‍ ദയവായി മലയാളത്തില്‍ കമന്റ് എഴുതുക. മലയാളത്തില്‍ എഴുതാനായി ഇവിടെ ക്ലിക്ക് ചെയ്യുക.